Saturday, November 29, 2014

വർഷം പെയ്തിറങ്ങി....

വർഷം പെയ്തിറങ്ങി....

രഞ്ജിത് ശങ്കർ കഥയെഴുതി സംവിധാനം ചെയ്ത 'വർഷം' എന്ന സിനിമ കണ്ടു. അതിഭാവുകത്വത്തിന്റെ ധാരളിത്തമോ, കെട്ടിച്ചമച്ച കഥയിടങ്ങളോ ഒന്നുമില്ലാതെ; ജീവിതത്തിൽ നമുക്കു ചുറ്റും കാണാനിടയാകുന്ന സന്ദർഭങ്ങളുടെ അനാവരണമാണ് 'വർഷം'. ഇന്നിന്റെ തിരക്കുപിടിച്ച ജീവിത നെട്ടോട്ടങ്ങൾക്കിടയിൽ; സമൂഹത്തിനു ചില ഓർമ്മപ്പെടുത്തലുകളായി മാറുകയാണ് . അതുകൊണ്ട് തന്നെ - ഒരിക്കലും മാറ്റിനിർത്തേണ്ട  സിനിമയല്ലിത്. ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും, ആർക്കും സംഭവിക്കാവുന്ന സങ്കീർണ്ണമായ നാടകീയതകളിലേക്ക് നമ്മെ നയിക്കുകയാണ് 'വർഷം'.


വേണുഗോപാലിന്റെയും, നന്ദിനിയുടെയും ജീവിതം എല്ലാ അർത്ഥത്തിലും സുഖകരമായി മുന്നോട്ടു പോയിക്കൊണ്ടിരുന്നതാണ്.അവരുടെ എല്ലാമായിരുന്നു ഏകമകൻ ആനന്ദ്‌. ഒരു യഥാർത്ഥ ബിസിനസ്സ്കാരന്റെ സർവ്വ ഗുണങ്ങളും പ്രകടമാക്കിയ വേണു; ജീവിതത്തെക്കുറിച്ച് ഒരുപാട് പ്രതീക്ഷകൾ വെച്ചുപുലർത്തിയ ഒരാളായിരുന്നു. ആനന്ദ്‌ ഫിനാൻസ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഉടമ. കൊചു-കൊച്ചു സന്തോഷങ്ങളും, പിണക്കങ്ങളുമായി അവരുടെ ജീവിതമങ്ങനെ നീങ്ങവെയാണ്; ആർക്കും സംഭവിക്കാൻ പാടില്ലാത്തത് നടക്കുന്നത്.  മകൻ ആനന്ദ്‌ വളർന്നു
വലുതാകുന്നതും, അവൻ ഡോക്ടരാകുന്നതും സ്വപ്നം കാണുന്ന വേണുവിനും, നന്ദിനിയ്ക്കും മറ്റേതൊരു മാതാപിതാക്കളെയും പോലെ; മകൻ ജീവനേക്കാൾ വലുതായിരുന്നു. അവന്റെ സ്വപ്നങ്ങൾക്കൊപ്പം, തങ്ങളുടെ പ്രതീക്ഷകളുടെ ഭാരവും മകനുമേൽ ചൊരിഞ്ഞു. ഒരുപക്ഷെ - നമ്മളിൽ പലരും, ജീവിതത്തിൽ ഭാവിയെക്കുറിച്ചോർത്തു  വ്യാകുലപ്പെടുന്നവരാണ്. ഇന്ന് ചെയ്യേണ്ടുന്ന പലകാര്യങ്ങൾക്കും പകരം; നാളെയെക്കുറിച്ചാലോചിച്ച് വിഷമിക്കുന്ന എത്രയോപേർ നമുക്ക് ചുറ്റുമുണ്ട്. വർത്തമാനകാലം നല്ലതുപോലെ ജീവിക്കാതെ, നാളെയെക്കുറിച്ചോർത്തു പലതും നഷ്ടപ്പെടുത്തുന്നവർക്കുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് 'വർഷം'.


വേണുഗോപാലായി മമ്മൂട്ടിയും, നന്ടിനിയായി ആശാ ശരത്തും മികച്ച പ്രകടനം തന്നെ നടത്തിയെന്ന് പറയാതെ വയ്യ!! ആനന്ദായി പ്രജ്വൽ പ്രസാദും തന്റെ അഭിനയ വൈഭവം തെളിയിച്ചു. പീറ്ററായി ടി.ജി.രവിയും, അങ്ങനെ ഓരോ കഥാപാത്രങ്ങൾക്കും വേഷപ്പകർച്ചയേകിയ അഭിനേതാക്കളെല്ലാം തന്നെ അവരവരുടെ റോളുകൾ ഭംഗിയായി നിർവ്വഹിച്ചു. വേണുവിന്റെ ജീവിതത്തിൽ ആകസ്മികമായുണ്ടാകുന്ന മനോഭാവങ്ങളിലെ മാറ്റങ്ങൾ ഏറെക്കുറെ തികഞ്ഞ കൈയ്യടക്കത്തോടെ തന്നെ മമ്മൂട്ടി എന്ന നടൻ അവതരിപ്പിച്ചു. ഒരുപക്ഷെ - മമ്മൂട്ടി എന്ന താരരാജാവിനെ പ്രതീക്ഷിച്ച് തിയ്യറ്ററിൽ കയറുന്നവരെ; സിനിമ തൃപ്തിപ്പെടുത്തണമെന്നില്ല. മുൻവിധികളില്ലാതെ സിനിമയെ സമീപിക്കുന്ന ഏതൊരാൾക്കും; വർഷത്തിൻറെ കഥയും, കഥ പറച്ചിലും മനസ്സിൽ തട്ടുമെന്നതിൽ സംശയമില്ല. അനാവശ്യമായ സംഭാഷണങ്ങളോ,സ്റ്റണ്ടുകളോ ഒന്നുമില്ലാതെ; തികച്ചും സ്വാഭാവികമായ രീതിയിൽ ജീവിതത്തോടു ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങൾ തന്നെയാണ്  'വർഷത്തിൽ' മുഴുനീളെ കാണാൻ സാധിക്കുന്നത്‌.


നന്ദിനിയായി ആശാ ശരത് എത്തുമ്പോൾ; ഇത്രയും മികച്ചൊരു നടി ഇത്രയും കാലം എവിടെയായിരുന്നുവെന്ന ചോദ്യമുയരുന്നു...?!! ഇടയ്ക്ക് ചില നല്ല വേഷങ്ങൾ ചെയ്തെങ്കിലും, അവർ അർഹിക്കുന്ന കഥാപാത്രങ്ങൾ അത്രയ്ക്കൊന്നും ലഭിച്ചിരുന്നില്ല. ഒരുപക്ഷെ - നന്ദിനിയുടെ കഥാപാത്രത്തിന് നാടകീയത ഒരുപാട് സന്ദർഭങ്ങളിൽ പ്രകടിപ്പിക്കേണ്ടതുണ്ടായിരുന്നു. കണ്ണുകൊണ്ടുള്ള ചില ചലനങ്ങളിലൂടെ പോലും നന്ദിനിയുടെ വേഷപ്പകർച്ചയ്ക്ക് എല്ലാ അർത്ഥത്തിലും പൂർണതയേകാൻ ആശാ ശരതിനായി. കഥാപാത്ര തിരഞ്ഞെടുപ്പിലെ സൂക്ഷ്മത തന്നെയാവണം, എണ്ണത്തിൽ അവരുടെ കഥാപാത്രങ്ങളുടെ കുറവിന് കാരണം, അല്ലാതെ - കഴിവും, പ്രാപ്തിയും നോക്കുകയാണെങ്കിൽ; ഇതുവരെ ചെയ്തതിനെക്കാൾ എത്രയോ മികവുറ്റ വേഷങ്ങൾ ചെയ്യാൻ കെൽപ്പുള്ളയാളാണ് അവർ.


മക്കൾ വലുതാകുമ്പോൾ; അവരുടെ ചിന്തകളും, സ്വപ്നങ്ങളും മനസ്സിലാക്കാൻ ശ്രമിക്കാതെ; തങ്ങളുടെ നിർബന്ധങ്ങൾക്ക്‌ മുൻഗണന നൽകുന്ന മാതാപിതാക്കൾക്കുള്ള മുന്നറിയിപ്പാണ് 'വർഷം'. മക്കൾക്ക്‌ ആത്മാർത്ഥ സ്നേഹവും, ഉപദേശ-നിർദേശങ്ങളും പകരേണ്ടത് മാതാപിതാക്കൾ തന്നെയാണ്. എന്നാൽ - അതിനുപകരം; തങ്ങളുടെ പിടിവാശിയ്ക്കു വേണ്ടി; മക്കളെ പ്രേരിപ്പിക്കുന്ന മാതാപിതാക്കൾ വിസ്മരിച്ചുപോകുന്ന ചില കാര്യങ്ങളിലേക്ക് കൂടി സിനിമ വിരൽ ചൂണ്ടുന്നു.സഹജീവി സ്നേഹവും, അനുകമ്പയും വേണ്ടുവോളമുണ്ടായിരുന്ന ആനന്ദ്‌, അവന്റെ ഇഷ്ടങ്ങൾക്കനുസരിച്ചു ജീവിക്കാനാഗ്രഹിച്ച കുട്ടിയാണ്. എന്നാൽ - തന്റെ വീട്ടിലെ പണിക്കാരനായ തമിഴന് നാട്ടിൽ വീടുപണിക്കുള്ള പണം സംഘടിപ്പിച്ചു കൊടുത്തതിനു; അച്ഛന്റെ വഴക്കും, അടിയും കുറെ കിട്ടിയ ആനന്ദിന്റെ മനസ്സ് വല്ലാതെ വേദനിച്ചിരിക്കണം. താൻ ചെയ്ത നല്ല കാര്യം കാണാതെ; മാതാപിതാക്കൾ പണത്തിനും,സ്വാർത്ഥതയ്ക്കും പിറകെ പരക്കം പായുന്നത് കണ്ടു ശീലിച്ച ആനന്ദിന്; ഉറക്കത്തിലെപ്പോഴോ ഹൃദയസ്പന്ദനം നിലച്ചുപോവുകയാണ്. ഒറ്റ രാത്രി കൊണ്ട് ജീവിതം തന്നെ പിടിച്ചുലയ്ക്കുന്നത് സംഭവിക്കുമ്പോൾ; സ്വാഭാവികമായി ആരായാലും തകർന്നുപോകും. അകാലത്തിലുള്ള മകന്റെ വേർപാട് വേണുവിനും,നന്ദിനിയ്ക്കും താങ്ങാവുന്നതിലപ്പുറം കടുത്ത ആഘാതമായി.


നാളിതുവരെ പിന്നിട്ട ദൂരങ്ങൾക്കിടയിൽ അവർ നഷ്ടപ്പെടുത്തിയ ചിലതിനെക്കുറിച്ചുള്ള തിരിച്ചറിവ്; രണ്ടുപേർക്കും ജീവിതത്തെക്കുറിച്ച് പുനർവിചിന്തനത്തിന് വെളിച്ചമേകി. പൂത്തുലഞ്ഞുനിൽക്കുന്ന മകന്റെ ഓർമ്മകളുടെ പിൻബലവുമായി; ജീവിതത്തിൽ സ്വന്തമാക്കിയ വഴിത്താരകൾ വിട്ട്; വേണുവും,നന്ദിനിയും പുതിയ മനുഷ്യരായി ; അവരുടെ ജീവിതം തുടർന്ന്..ഏട്ടൻ,അനിയൻ,അമ്മായി,സുഹൃത്തുകകൾ,അയൽവാസികൾ...എല്ലാവരും അവർക്ക് പ്രിയപ്പെട്ടതായിരുന്നു... ഏതൊരു കാര്യവും നമ്മിൽ നിന്നും എന്നേക്കുമായി നഷ്ടപ്പെടുമ്പോഴാണ് നമുക്കതിന്റെ പ്രാധാന്യം മനസ്സിലാകുക. മകന്റെ നിത്യ സ്മരണയ്ക്കായി; വിദ്യാഭ്യാസ സ്ഥാപനവും, മറ്റുചില സാമൂഹിക സേവനങ്ങളുമായി ...വേണുവിന്റെയും, നന്ദിനിയുടെയും ജീവിതത്തിൽ പ്രതീക്ഷകളുടെയും,സ്വപ്നങ്ങളുടെയും "വർഷം" തോരാതെ പെയ്തിറങ്ങട്ടെ....!!


മുൻചിത്രങ്ങളെപ്പോലെ രഞ്ജിത്ത് ശങ്കർ; കാമ്പുള്ള കഥയുമായി പ്രേക്ഷകർക്ക്‌ മുന്നിൽ വീണ്ടും സ്വാഭാവിക ജീവിതത്തിന്റെ മറ്റൊരു കാഴ്ചയൊരുക്കി. താൻ പറയുന്ന വിഷയത്തെക്കുറിച്ച് സംവിധായകന്  ഉത്തമ ബോധ്യമാണ് ആദ്യം വേണ്ടത്. ചുരുക്കിപ്പറഞ്ഞാൽ; തന്റെ ചിത്രത്തിലൂടെ പ്രേക്ഷകൻ എന്താണ് കാണേണ്ടത് എന്നത് സംവിധായകൻ തീരുമാനിക്കണം. അല്ലാതെ - കാഴ്ച്ചക്കാരന്റെ ഇഷ്ടങ്ങൾക്കനുസരിച്ചോ; താരാരാധനക്കാരുടെ ഇടപെടലുകൾ കാരണമോ; കഥയിൽ വരുത്തുന്ന മാറ്റങ്ങൾ സൃഷ്ടിക്കുന്ന കൈയ്യടിയുടെ അലയൊലികൾ ഏതാനും നിമിഷത്തേക്ക് മാത്രമേ നീണ്ടു നിൽക്കുകയുള്ളൂ...നമുക്കിടയിലെ ജീവിതത്തിന്റ കഥാപരിസരങ്ങളുമായി സംവിധായകൻ പ്രേക്ഷകരോട് സംവദിക്കാനെത്തുമ്പോൾ; സിനിമ കണ്ടിറങ്ങുന്നവർക്കിടയിൽ, കഥയ്ക്ക്‌ സ്വാധീനം ചെലുത്താൻ കഴിയുന്നുണ്ടെങ്കിൽ അവിടെ സിനിമയും,സംവിധായകനും വിജയിക്കുകയാണ്...!! തീർച്ചയായും - 'വർഷ'മേൽപ്പിക്കുന്ന നൊമ്പരത്തിന്റെ മുറിവ് പ്രേക്ഷക മനസ്സുകളിൽ കുറച്ചുകാലം മായാതെയുണ്ടാകുമെന്ന് ഞാനുറച്ച് വിശ്വസിക്കുന്നു. അല്ലാതെ - സിനിമയ്ക്ക് സാറ്റലൈറ്റ് അവകാശത്തിന്റെ ഗ്യാരണ്ടിയല്ല ആവശ്യം...!! മറിച്ച് - പ്രേക്ഷകന്റെ മനസ്സിൽ ഇത്തിരിയൊരിടം നേടാൻ കഥയ്ക്കാകുമ്പോൾ; കടുത്ത വേനലിൽ ആശ്വസമായെത്തും പോലെ, രഞ്ജിത്ത് ശങ്കറിന്റെ 'വർഷ'വും പ്രേക്ഷക ഹൃദയങ്ങളിലേക്ക് ഇനി കുറച്ചു നാളേയ്ക്ക് പെയ്തു നിറയട്ടെ...!!

-അനീഷ്‌ കുഞ്ഞിമംഗലം-

കവിത - മരണത്തിനപ്പുറം

കവിത

മരണത്തിനപ്പുറം

പകൽസൂര്യനാം യൗവ്വനം
കാഴ്ചയിൽ നിന്നും മറയുന്നു...
നിബന്ധനകളില്ലാത്ത,യീ-
ജീവിതപാതയിൽ,
നഷ്ടചിത്രങ്ങൾ മാത്രം ബാക്കിയാകുന്നു...!!

ഇന്നലെകളിൽ പ്രചോദനമാം
ചിന്തയും,സ്വപ്നവും
വരണ്ടുണങ്ങി...
ജീവിതത്തിൻ മാർഗദീപം
കെട്ടുപോയി...
നിറഞ്ഞൊഴുകിയ ആശ തൻ-
മാധുര്യവും,കയ്പുനീരായി...
ഇനിയൊരു-വസന്തം കൂടി പൂക്കുന്നത്
കാണാൻ ഭാഗ്യമുണ്ടാകുമോ...?!

അകലെനിന്നും മാടിവിളിക്കുന്ന
മരണത്തിൻ സംഗീതം
പതുക്കെ കേൾക്കുന്നുണ്ട്...
എന്നും തളരാത്ത,മനസ്സു-
മിന്നേറെ, പിടയുന്നുണ്ട്‌...
ഇത്രയും നാൾ,സഹിച്ച-
ഭൂമിയ്ക്കും,ഉറ്റവർക്കും;
അണയാത്ത,യെൻ സ്നേഹം മാത്രം...!!

കൊതി തീർന്നില്ലെന്നാലും,
അനുഭവങ്ങൾ മടുപ്പിച്ചയെൻ,
ജീവിതമാർക്കും-
വേദനയാകാതിരിക്കട്ടെ...
മരണത്തിനുമപ്പുറം-
മറ്റൊരു ജന്മം കാണുമോ...?

-അനീഷ്‌ കുഞ്ഞിമംഗലം- 

കാലം പകർന്നേകിയ കോമാളിവേഷങ്ങൾ

കാലം പകർന്നേകിയ കോമാളിവേഷങ്ങൾ

എല്ലാവരെയും പോലെ നിറമുള്ള സ്വപ്നങ്ങളായിരുന്നു മനസ്സു നിറയെ... ഏതൊരു പ്രതികൂല സാഹചര്യത്തിലും, ശുഭാപ്തി വിശ്വാസം നഷ്ടപെടാതെ സൂക്ഷിച്ചു.കാലം മുന്നോട്ട്ചലിച്ചപോൾ - ചിന്തകൾക്കപ്പുറം, അപരിചിതമായ ലോകത്തിലേക്ക്‌, അപ്രതീക്ഷിതമായി എത്തിപെടുകയായിരുന്നു...! ഇന്നേറെ നാളുകൾ കൊഴിഞ്ഞു പോയിരിക്കുന്നു...ഇന്നലെകളിലെ യൗവ്വന തീക്ഷണതയിൽ നെയ്തെടുക്കാമായിരുന്ന സ്വപ്ന സാഫല്യങ്ങൾക്ക് പകരം; ഇന്ന് - ഒരുപക്ഷെ - നഷ്ടനൊമ്പരങ്ങളും, കാലമേകിയ തിരിച്ചറിവുകളും മാത്രം സ്വന്തം...!!


ജീവിത വഴിയിൽ - മുന്നോട്ടുള്ള യാത്രയിൽ സ്വരുക്കൂട്ടിവെച്ച ലക്ഷ്യബോധങ്ങൾ മാറ്റിവെച്ച്‌; കാലം ഒഴുക്കിവിട്ട ജീവിത പാതകളിലൂടെ സഞ്ചരിച്ച്, നിബന്ധനകളുടെ കൂച്ചുവിലങ്ങുകളില്ലാതെ, മുൻവിധികളുടെ വേട്ടയാടലുകളില്ലാതെ - കാടുപിടിച്ച ചിന്തകളുടെ ഒറ്റയടിപ്പാതയിലൂടെ ഏറെദൂരം പിന്നിട്ടുവെന്ന ആശ്വാസം മാത്രം മുതൽക്കൂട്ട്...! എങ്കിലും - പിന്തിരിഞ്ഞു നോക്കുമ്പോൾ പിന്നിട്ട വഴികൾക്ക് പകരം; മറ്റൊന്നായിരുന്നെങ്കിൽ എന്താകുമായിരിക്കുമെന്ന ചിന്ത അലട്ടാൻ തുടങ്ങിയിട്ട് നാളേറെയായി... ജീവിത വിജയത്തെ ക്കുറിച്ചാലോചിക്കുമ്പോൾ; പരാജയത്തിൻറെ കയ്പുനീർ രുചിച്ച ഓർമ്മകളാണധികവും...!! പിറന്നുവീണ നാൾ തൊട്ട്, ഒരുപക്ഷെ - അവകാശപ്പെടാവുന്ന നേട്ടങ്ങളൊന്നുമില്ല...  ചുറ്റുമുള്ളവർക്കിടയിൽ, കാപട്യമില്ലാതെയേകിയ സ്നേഹ വായ്പുകളും, സ്വാർത്ഥയില്ലാത്ത ആത്മബന്ധങ്ങളും മാത്രം ബാക്കിയാവുന്നു...അപ്പോഴും
താരതമ്യപ്പെടുത്തലുകൾക്കിടയിൽ; പരാജയത്തിൻറെ നിറമില്ലായ്മയായിരിക്കും കൂടുതലും...അതിനിടയിലും - എപ്പോഴൊക്കെയോ, കാലം സമ്മാനിച്ച സുഗന്ധമുള്ള ഏതാനും ഓർമ്മച്ചിത്രങ്ങൾ മാഞ്ഞുപോകാതെ ഇന്നും ഹൃദയത്തിലുണ്ട്...!!


ആൾക്കൂട്ടത്തിനിടയിൽ നിൽക്കാൻ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല...സ്കൂൾ ക്ലാസ്സിൽ പോലും; മുന്നിലെ ബെഞ്ചിൽ ഇരിക്കുമ്പോഴുള്ള അസ്വസ്ഥത, നെറ്റിയിൽ വിയർപ്പുതുള്ളിയായി മാറുമായിരുന്നു...ഒരുപക്ഷെ - വീട്ടുകാർ പകർന്നേകിയ നേരിന്റെ മന്ത്രങ്ങളും, നന്മയും മനസ്സിൽ സൂക്ഷിച്ച്, ചുറ്റിലുമുണ്ടായിരുന്ന ലോകത്തിലൂടെ, അന്തർമുഖമായ ചിന്തകൾക്കിടയിലും; സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ...നെയ്തുകൂട്ടിയ കിനാക്കളുടെ ഇടവഴികളിലൂടെ പതുക്കെ നടന്നകലാനായിരുന്നു എന്നും ആഗ്രഹിച്ചിരുന്നത്.... പലപ്പോഴും - കുറവുകൾ ഏറെ സംഭവിച്ചിട്ടുണ്ടാവാം...എന്നാൽ - വഴിതെറ്റാനുള്ള പ്രലോഭനങ്ങൾ ഏറെയുണ്ടായിട്ടും, അനുഭവമേകിയ ജീവിത പാഠങ്ങൾ ഉൾക്കൊണ്ട്, കാലമേകിയ തിരിച്ചറിവും അടിസ്ഥാനമാക്കി, തന്റേതായ ലോകത്തിലൂടെ യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു... ചിലപ്പോഴെങ്കിലും ചിലരെയൊക്കെ അറിയാതെ വേദനിപ്പിച്ചിട്ടുണ്ടായിരിക്കാം...അതൊക്കെ അവരോട് മനസ്സിൽ പതിഞ്ഞ ആത്മ ബന്ധത്തിന്റെ സ്വാതന്ത്ര്യമായിരിക്കാം...


ജീവിത വഴിയിടങ്ങളിൽ നാളിന്നുവരെ ഒട്ടനവധി കൊമാളിവേഷങ്ങൾ കെട്ടി; ഇനിയും മനസ്സിലാക്കാനാവാത്ത കാലത്തിന്റെ പകർന്നാട്ടങ്ങൾക്ക് മൂകസാക്ഷിയായി; മരണത്തിലേക്കുള്ള അകലം നാൾക്കുനാൾ കുറഞ്ഞുവരുന്നുവെന്ന ഉത്തമബോധ്യത്തോടെ...തന്റെ സ്വപ്നങ്ങളുടെയും, മോഹങ്ങളുടെയും സ്വകാര്യലോകത്ത്‌ സ്വസ്ഥമായി ഇനിയുള്ള നാളുകൾ ജീവിച്ചുതീർക്കാൻ സാധിക്കണമേയെന്ന പ്രാർത്ഥന മാത്രം മനസ്സിൽ സൂക്ഷിച്ചുകൊണ്ട്‌...ഗൃഹാതുരമായ ഓർമ്മകൾ ശാപമായി ത്തീരുന്ന ലോകത്ത്; മറവിയുടെ മടിത്തട്ടിലേക്ക് കാലം നമ്മെ നയിക്കുന്ന നാളുകൾ പിന്നിലല്ലെന്ന തിരിച്ചറിവുണ്ടായിരിക്കുക - ഓർക്കുക വല്ലപ്പോഴും....!!

-അനീഷ്‌ കുഞ്ഞിമംഗലം-

ടമാർ പഠാർ - ചില കാഴ്ചപ്പാടുകൾ

ടമാർ പഠാർ - ചില കാഴ്ചപ്പാടുകൾ

ദിലീഷ് നായർ സംവിധാനം ചെയ്ത 'ടമാർ പഠാർ' എന്ന സിനിമ കാണുവാൻ ഒട്ടും പോസിറ്റീവ്  അല്ലാത്ത റിപ്പോർട്ടുകൾ അറിഞ്ഞാണ് തിയറ്ററിൽ ചെന്നത്. ഇത്രയേറെ, മോശമെന്നു പറയണമെങ്ങിൽ, സിനിമ എത്രത്തോളം തരം താഴ്ന്നതാവണമെന്നു ആയിരുന്നു എന്റെ ചിന്ത..? എന്തായാലും, പടം കാണാൻ തന്നെ തീരുമാനിച്ചു... മുൻവിധികളില്ലാതെ, പ്രതീക്ഷകളോ, പക്ഷപാതമോ, ഒന്നുമില്ലാതെ തിയ്യറ്ററിൽ കയറിയിരുന്നു.

ആദ്യം മുതൽ - സാധാരണ സിനിമകളിൽ കാണുന്നതിൽ നിന്നും ചില വേറിട്ട കഥ യൊഴുക്കുകൾ അനുഭവപ്പെട്ടിരുന്നു. കഥയും, കഥ പറച്ചിലും വലിയ സംഭവങ്ങലൊന്നുമല്ല; എന്നാലും - സാധാരണക്കാരന്റെ ജീവിതത്തിൽ നിന്നും ഒരേട്‌ - അത്ര തന്നെ!! സിനിമ വിലയിരുത്തപ്പെടുന്ന പല അടിസ്ഥാനങ്ങളെയും കാറ്റിൽ പറത്തി; പച്ചയായ മനുഷ്യന്റെ ചിന്തൾക്ക് കനം കൂട്ടുന്ന ചില മന്ത്രങ്ങളുമായി കഥ പുരോഗമിച്ചു. പലരും പറഞ്ഞത്രയും, ടമാർ പഠാർ ; മോശമല്ലല്ലോ, എന്നു തോന്നി തുടങ്ങി. എനിക്ക് തോന്നുന്നത് - ഭൂരിപക്ഷവും - ഒട്ടേറെ മുൻവിധികളോടെ സിനിമയെ സമീപിച്ചത് കൊണ്ടാണ് അങ്ങനെയൊരു അഭിപ്രായം വന്നത് എന്നാണ് .എന്റെ ഉദ്ദേശ്യം - ആരുടേയും സാമാന്യ ചിന്തകളെ ചോദ്യം ചെയ്യുക എന്നതല്ല . സിനിമ കണ്ട് എനിക്ക് തോന്നിയ ചില ചിന്തകൾ പങ്കുവെയ്ക്കുക മാത്രമാണ്.ഇത് മാത്രമാണ് ശരിയെന്ന നിലപാടുമില്ല. നമ്മൾ ഏതൊരു കാര്യത്തെയും, എങ്ങനെ നോക്കിക്കാണുന്നു എന്നത് പോലെ വ്യത്യാസപ്പെട്ടിരിക്കും കാഴ്ചപ്പാടുകളും..!!

കാലാകാലങ്ങളായി; സിനിമയിൽ കണ്ടുവരുന്ന; നായകന്റെ ഒറ്റയാൾ പ്രകടനത്തിന്റെ അഭാവമോ, ആളുകളെ ഹരം കൊള്ളിക്കുന്ന ഗാന രംഗങ്ങളോ ഒന്നുമില്ലാത്ത താണോ; ഈ സിനിമയെ മോശം ഗണത്തിൽ പെടുത്താനുള്ള ചിന്തയ്ക്ക് പിന്നിലെ മാനിഫെസ്റ്റൊയ്ക്കു കാരണമെന്നൊരു സംശയം..!! ഒന്നുകൂടി പറയാം - ആസ്വാദനത്തിന്റെ മുഹൂർത്തങ്ങൾ ഒട്ടും ചോരാതെ തന്നെ; ഏറ്റവും താഴെത്തട്ടിൽ നിന്നുകൊണ്ട് ; പ്രേക്ഷകന്റെ ബുദ്ധിയെയും,ചിന്തയെയും അളയ്ക്കുന്ന ഒത്തിരി സന്ദർഭങ്ങൾ സിനിമയിൽ കാണാൻ കഴിഞ്ഞേക്കും.


ജംബർ തമ്പിയും, ട്യൂബ് ലൈറ്റ് മണിയും അവരവരുടെ ജിവിത വഴിയിടങ്ങളിൽ , തങ്ങളുടെ പോരായ്മകളെ ക്കാളേറെ; സ്വന്തം കഴിവുകളിൽ വിശ്വാസമർപ്പിച്ച് മുന്നേറുമ്പോൾ ; ഒരു പക്ഷെ - ഇരുട്ടിലകപ്പെടുമായിരുന്ന ജീവിതങ്ങൾക്ക് താങ്ങായ്; ഒരു നറുതിരി വെളിച്ചമായ് അവരും സ്വയം മാറ്റപ്പെടുകയായിരുന്നു. പച്ച മലയാളത്തിൽ പറഞ്ഞാൽ - സാധാരണക്കാരനിൽ സാധാരണക്കാരന്റെ ശ്രദിക്കപെടാതെ പോകുന്ന  ജീവിതത്തിലെ ; മൂടിവെയ്ക്കപെടുന്ന കുറച്ചു നിമിഷങ്ങൾ...!! ഇതിൽ നായകസ്ഥാനം ആർക്കും നൽകാം; അല്ലെങ്ങിൽ ഒരാൾക്ക്‌ മാത്രമല്ല പ്രാധാന്യം..കഥയ്ക്ക്‌ തന്നെയാണ്...കഥാപാത്രങ്ങൾക്കും...!!

എ.സി.പി . പൗരനായി  പൃഥ്വിരാജിനു വലിയ പ്രകടനമൊന്നും കാഴ്ച്ചവേക്കേണ്ടി വന്നിട്ടില്ല... അയാൾക്ക്‌ മാത്രമായി അനാവശ്യ പ്രാധാന്യം കൊടുക്കുന്നില്ല. എന്നാൽ - തനിക്കു ലഭിച്ച ചെറിയ വേഷം പോലും മികവുറ്റതാക്കാൻ അയാൾ ശ്രമിച്ചു. നിബന്ധനകൾ നിരത്തി വിലപേശി നേടിയെടുക്കുന്ന നായക വേഷങ്ങളിലല്ല; റോൾ എത്ര ചെറുതാനെങ്ങിലും അത് മനോഹരമാക്കാനുള്ള ഒരു നടന്റെ നിലപാടാണ്‌ ശരിയെന്നു പൃഥ്വിരാജ് ഒരിക്കൽ കൂടി  തെളിയിച്ചിരിക്കുന്നു. എ. സി.പി. പൌരനിലൂടെ നേരിന്റെയും, നീതിയുടെയും കാവലാളായി ; സ്വന്തം മനസാക്ഷിയുടെ ഉൾവിളികളുടെ ഉത്തരം തേടി പരക്കം പായുന്ന കഥാപാത്രമായി അവതരിച്ചപ്പോഴും, സ്വാഭാവികമായുണ്ടാകുന്ന സ്വാർത്ഥ താൽപ്പര്യങ്ങളും തുറന്നു കാണിക്കുന്നുണ്ട്. ഇതിലൂടെ - ഏതൊരു മനുഷ്യനിലും സത്യത്തെ അനുസരിക്കാൻ കൊതിക്കുന്ന മനസ്സിന്റെ മാതൃകയാണ് വെളിപ്പെടുത്തുന്നത്. അതുപോലെ - ബാബുരാജും, ചെമ്പൻ വിനോദും, ശ്രിന്ദയും അവരവരുടെ റോളുകൾ ഭംഗിയായി നിർവഹിച്ചിരിക്കുന്നു. ഒരുപക്ഷെ - അവർ ചെയ്തതിനപ്പുറം ആ കഥാപാത്രങ്ങൾക്ക് പൂർണത നൽകാനാവില്ല.

ഒരിക്കൽ കൂടി പറയട്ടെ - 'ടമാർ പഠാർ' ഒരു ക്ലാസ്സിക്‌ പടമൊന്നുമല്ല... വലിയ സംഭവങ്ങളോ, അവകാശപ്പെടാവുന്ന വാഗ്ദാനങ്ങലോ ഒന്നും പടം നല്കുന്നില്ല എന്ന് സമ്മതിക്കുന്നു. എന്നാൽ - ഒരു സാധാരണ മനുഷ്യന്റെ ബോധവും, ചിന്തയും വേണ്ടുവോളം അളക്കാൻ , ഈ ചെറിയ സിനിമയ്ക്ക്‌ സാധിക്കുമെന്നതിൽ സംശയമില്ല. മറിച്ചുള്ള അഭിപ്രായമാണ് കൂടുതലെങ്ങിലും, അതിനുപിന്നിൽ മുൻവിധിയോടെയുള്ള വിലയിരുത്തലുകൾ ആണെന്ന് സംശയമില്ല. ഇടയ്ക്ക് നൽകുന്ന ആമുഖങ്ങൾ കഥയെ കൂടുതൽ തെളിച്ചമുള്ളതാകാൻ സഹായിക്കുന്നുണ്ട്. കഥയുടെ കെട്ടുറപ്പിന് സ്വതന്ത്രനാവുന്നതിന്റെ പുതുമ; സംവിധാനത്തിന്റെ പോരായ്മകളെ തുറന്നു കാണിക്കുന്നുണ്ട്. വിരസത തോന്നിയിട്ടില്ല എന്നൊന്നും പറയുന്നില്ല.എന്നാൽ - അതിനുമപ്പുറം - നമ്മുടെ ജീവിതത്തിലെ സാധാരണക്കാരുടെ നിസ്സഹായാവസ്ഥ ഇത്രയും വിശദമായി പറയുന്ന സിനിമയുടെ പ്രസക്തി തിരിച്ചറിയാതെ പോകരുത്.

അത്രയൊന്നും മോശമല്ലാത്ത സിനിമയെ; തീരെ കൊള്ളാത്തതാണെന്ന് വരുത്തി തീർക്കാൻ പലരും ശ്രമിക്കുന്നുണ്ട്. പക്ഷെ - നാം അഭിപ്രായം പറയുന്നതിനുമുമ്പ് - ഒന്നാലോചിക്കുക - ഇതിനേക്കാൾ എത്രയോ നിലവാരമില്ലാത്ത സിനിമൾക്ക്, നമ്മളിൽ പലരും ഓശാന പാടിയിട്ടില്ലേ...? തിയ്യറ്ററിൽ ആളെക്കൂട്ടാൻ കൂലിയെഴുത്തുകാരായി ചിലർ; നായകനുവേണ്ടി കേട്ടാൽ രോമാഞ്ചം കൊള്ളുന്ന ഡയലോഗുകൾ എഴുതി ചേർക്കുകയും, ചെവികൾ പോലും മരവിപ്പിക്കുന്ന സംഗീതത്തിന്റെ ഒച്ചപ്പാടുകളും, ഒന്നുമില്ലാതെ; പോരായ്മകളേറെ ഉണ്ടാവമെന്നാലും; വേറിട്ട ചിന്തയുമായി; കേട്ട് ശീലിക്കാത്ത കഥയുടെ മേമ്പൊടിയുമായി പ്രേക്ഷകർക്ക്‌ മുന്നിൽ വരണമെങ്കിൽ; ആ കഥാകാരന്റെ ധൈര്യം അത്രയൊന്നും വിലകുറച്ച് കാണരുത്. ഒരുപക്ഷെ - മുൻവിധികളോടെ; 'ടമാർ പഠാർ' കണ്ടിറങ്ങിയവരോട്; നിങ്ങളുടെ മനസ്സിലെ നിബന്ധനകളെ മാറ്റിനിർത്തി, സിനിമയിൽ കാണാൻ കഴിയാതെ പോയ ആസ്വാദ്യതയെ തിരിച്ചറിയാൻ, വേണമെങ്കിൽ ഒരിക്കൽക്കൂടി തിയ്യറ്ററിൽ ചെല്ലൂ...!! ഇത്രയൊക്കെ പറയേണ്ടിവന്നത് - സിനിമ കാണാൻ പോകുന്നതിനുമുമ്പ് , ചുറ്റുപാടുകളിൽ നിന്ന് മോശമെന്ന അഭിപ്രായം കേട്ടതുകൊണ്ടാണ് . എല്ലാ സിനിമയും ഒരേ നിലവാരം പുലർത്തണമെന്ന് വാശിപിടിക്കുന്നത് ശരിയാണോ..? ഓരോന്നിനും അതിന്റേതായ ആസ്വാദ്യതയുണ്ട് - അത് തിരിച്ചറിയാൻ സാധിക്കണം.

ശ്രീ. പ്രശാന്ത്‌ നായർ എന്നയാൾ ഫേസ്ബുക്ക്‌ വഴി പറഞ്ഞത് , ഞാൻ അതേപടി കടമെടുക്കുന്നു - "പഴത്തൊലിയിൽ ചവിട്ടി വീഴുന്ന തമാശകൾ കണ്ട് ശീലിച്ചവർക്ക് ബുദ്ധിയുടെ പേശികൾക്ക് പിടുത്തം വരും എന്നൊരു പ്രശ്നം മാത്രമേ ഈ ചിത്രത്തിൽ ഉള്ളൂ..."!!


-അനീഷ്‌ കുഞ്ഞിമംഗലം-

Saturday, November 22, 2014

'ഞാൻ' - 'കെ.ടി.എൻ. കോട്ടൂരിന്റെ ജീവിതം'.

'ഞാൻ' - 'കെ.ടി.എൻ. കോട്ടൂരിന്റെ ജീവിതം'.

ശ്രീ. ടി.പി.രാജീവന്റെ നോവൽ - 'കെ.ടി.എൻ.കോട്ടൂർ - എഴുത്തും,ജീവിതവും', അടിസ്ഥാനമാക്കി; രഞ്ജിത്ത് തിരക്കഥയെഴുതി,സംവിധാനം ചെയ്ത 'ഞാൻ' എന്ന സിനിമ ശ്രീ. കെ.ടി.എൻ.കോട്ടൂരിനുള്ള ആദരവുകൂടിയാണ്...
മണ്‍മറഞ്ഞുപോയ കാലചക്രങ്ങൾക്കപ്പുറത്ത്, ഇന്നിന്റെ തിരക്കുപിടിച്ച ജീവിത നെട്ടോട്ടങ്ങൾക്കിടയിൽ, ചരിത്രബോധം
നഷ്ടപ്പെടുത്താതെ, പച്ചയായ ജീവിതത്തെ കലാസൃഷ്ടിയായി രൂപാന്തരപ്പെടുത്താൻ പ്രാപ്തിയുള്ള ഒരു കൂട്ടായ്മയുടെ ചങ്കൂറ്റത്തിന്റെ ദൃശ്യാവിഷ്ക്കാരമാണ് - "ഞാൻ".

ഒരുപക്ഷെ - താൻ കൈകാര്യം ചെയ്യുന്ന വിഷയത്തെ ക്കുറിച്ചുള്ള ആഴത്തിലുള്ള പഠനവും, ഉൾക്കാഴ്ചയും രഞ്ജിത്തിനെ; തന്റെ ശരി-തെറ്റുകൾക്കിടയിലൂടെ, കാലോചിതമായ ഇടപെടലുകൾ നടത്തിക്കൊണ്ട്, നിയന്ത്രണങ്ങളുടെ വേലിക്കെട്ടുകളില്ലാതെ തന്റെ കലാസപര്യയിൽ മുഴുകാൻ അനുവദിക്കുന്നുണ്ട്. കച്ചവട സിനിമയുടെ ചേരുവകളോ, സംഗീതത്തിന്റെ കോലാഹലങ്ങലോ ഇല്ലാതെ തന്നെ; ഒരു മനുഷ്യന്റെ; ആരും ശ്രദ്ധിക്കതെപോയ സാധാരണ ജീവിത ചുറ്റുപാടുകളെ നമുക്ക് മുന്നിൽ തുറന്നിടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ - പ്രേക്ഷകർക്ക്‌ തങ്ങളുടെ ചുറ്റുപാടുകളിൽ മുന്പെന്നോ നടന്ന സംഭവങ്ങളുടെ മങ്ങിയ ഓർമ്മെപെടുതല്കളായി 'ഞാൻ' മാറ്റപ്പെടുകയാണ് ചെയ്യുന്നത്.

കെ.ടി.എൻ. കോട്ടൂരിന്റെ ദുരൂഹതകൾ നിറഞ്ഞ ജീവിത വഴിയമ്പലങ്ങളിലൂടെയുള്ള യാത്രയും, കോട്ടൂരിന്റെ ഗ്രാമീണ ഭംഗിയും, യഥാർത്ഥമായ അനുഭവമാക്കി മാറ്റുവാൻ സംവിധായകന് സാധിക്കുന്നുണ്ട്. പഴയകാലത്തെ, സവർണരുടെ
പ്രമാണിത്തവും, സമൂഹത്തിലെ അസമത്വവും, എന്തിനേറെ കുടുംബത്തിനുള്ളിലെ അസ്വാതന്ത്ര്യവും തുറന്നുകാട്ടുന്നുണ്ട്.
നാലുചുവരുകൾക്കുള്ളിൽ തളച്ചിടപ്പെടുന്ന പെണ്‍ജീവിതങ്ങളുടെ തടവറ ജീവിതവും സിനിമയിലുടനീളം പറയാതെ പറയുന്നുണ്ട്. നാട്ടിടവഴികളിലൂടെ സഞ്ചരിച്ച്, കോട്ടൂരിന്റെ ചരിത്രത്തിലേക്കുള്ള നടന്നുകയറ്റമായി പരിണമിക്കുകയാണ് 'ഞാൻ'. കഥാപാത്ര തെരഞ്ഞെടുപ്പിൽ വെച്ചുപുലർത്തിയ തന്റേടവും, സൂക്ഷ്മതയും സിനിമയ്ക്ക്‌ കൂടുതൽ പൂർണതയേകി.
ചെറുതാണെങ്കിൽപ്പോലും; സ്വന്തം വേഷപ്പകർച്ച മികവുറ്റതാക്കാൻ അഭിനേതാക്കൾ പരമാവധി ശ്രമിച്ചു. ബിജിബലിന്റെ പശ്ചാത്തല സംഗീതവും, അനുയോജ്യമായ സ്ഥാനത്തുള്ള കവിതശകലങ്ങളും കഥയൊഴുക്കിന് കൂടുതൽ ഉർജ്ജമേകി.

കോട്ടൂരിന്റെ ജീവിത സഞ്ചാരത്തിലെ ലക്ഷ്യങ്ങളും, അസ്വാരസ്യങ്ങളും ലളിതമായ രീതിയിൽ വെളിപെടുതുനുണ്ട്. കഥയ്ക്കും, കഥ പറച്ചിലിനുമുള്ള പരിമിതികൾ, രഞ്ജിത്ത് ആകുമ്പോൾ; പതിന്മടങ്ങ്‌ പൂർണതയോടുകൂടി ദൃശ്യവത്ക്കരികപെടുകയാണ് ചെയ്യുന്നത്. കാലാകാലങ്ങളായി ഈ കലാകാരൻ അനുവർത്തിച്ചു വരുന്ന നിലപാടുകൾ വ്യക്തമാണ്‌ - കാര്യങ്ങൾ വെട്ടിത്തുറന്നു പറയാനുള്ള ധൈര്യവും, തന്റെ കാഴ്ചപ്പാടിലുള്ള ഉറച്ച വിശ്വാസവും, താൻ ചലിപ്പിക്കുന്ന തൂലികയിലെ മഷി മാഞ്ഞുപോകാതെ; ഈ മനുഷ്യൻ ഇന്നും എഴുത്തിലൂടെയും, വായനയിലൂടെയും, കാലത്തിനൊപ്പം സഞ്ചരിക്കുന്ന കാഴ്ചപ്പാടിലൂടെയും, സ്വയം നവീകരിച്ചു കൊണ്ടേയിരിക്കുന്നു.

'ഞാൻ' - ചരിത്രം വിസ്മരിച്ച കെ.ടി.എൻ.കോട്ടൂരിന്റെ പച്ചയായ ജീവിതം അനാവരണം ചെയ്യുമ്പോൾ;
കാലഘട്ടങ്ങൾക്കിടയിലൂടെ കഥയുടെ തുടർച്ചയെ അലോസരപ്പെടുത്താതെ; മലക്കം മറിയാനുള്ള കഥാകാരന്റെ കഴിവ് അംഗീകരിച്ചേ മതിയാകൂ....!! യോജിച്ച അഭിനേതാക്കളെ തന്നെ കാലാന്തരത്തിലെ വേഷപ്പകർച്ചയണിയാനും കണ്ടെത്തി യിരിക്കുന്നു... എന്തായാലും - 'ഞാൻ' - കെ.ടി.എൻ.കോട്ടൂരിൽ മാത്രം കേന്ദ്രീകൃതം എന്നതിലപ്പുറം; കോട്ടൂർ ജീവിച്ച ചുറ്റുപാടുകളെ ഏറെക്കുറെ മുഴുവനായും പകർന്നെടുക്കാൻ, പരിമിതികൾ ഏറെയുണ്ടായിട്ടും; ആഴത്തിലുള്ള പഠനവും, പൂർണതയ്ക്കു വേണ്ടിയുള്ള അന്വേഷണങ്ങളും സഹായിച്ചു എന്നത് സമ്മതിക്കാതെ വയ്യ...!! അതുകൊണ്ട് തന്നെയാണ് - സിനിമ കണ്ടിറങ്ങുമ്പോൾ പ്രേക്ഷർക്കൊപ്പം, കെ.ടി.എൻ.കോട്ടൂരും, അദ്ദേഹത്തിന്റെ ജീവിത ചുറ്റുപാടുകളും മനസ്സില് നിന്നും അൽപ്പനേരത്തേക്ക് എങ്കിലും മായാതെ ബാക്കിയാവുന്നത്. ഇത് തന്നെയാണ് - ജീവിത സഞ്ചാരത്തിനിടയിൽ, ആരവങ്ങളില്ലാതെ, സ്വതസിദ്ധമായ ജീവിത കാഴ്ചകൾ അനുഭവിച്ചിറങ്ങുമ്പോൾ പലരെയും സ്വാധീനിക്കുന്നതും...!! ഇന്ന് - പല കലാസൃഷ്ടികൾക്കും സാധിക്കാത്തതും അത് തന്നെയാണ്.

ആരുമറിയാതെ പോകുന്ന ജീവിതങ്ങളും, ആരും കാണാതെ പോകുന്ന കാഴ്ചകളും കലാകാരന് കണ്ടെത്താനാകുമ്പോൾ; അനാവശ്യമായ ബഹളങ്ങൾ സൃഷ്ടിച്ച് കീശയിൽ നിറയുന്ന നോട്ടുകെട്ടുകൾ മാത്രം ലക്ഷ്യം വെച്ച് സിനിമ പിടിക്കാനിറങ്ങുന്ന വർക്കിടയിൽ; ശക്തമായ തിരക്കഥയിൽ പച്ചയായ ജീവിതത്തിന്റെ നെരിപ്പോടുകളുമായി, നമുക്കിടയിലെ കഥാ സന്ദർഭങ്ങളുമായി രഞ്ജിത്ത് വരുമ്പോൾ, അതൊരു മുതൽക്കൂട്ടാവുകയാണ്. കലാസൃഷ്ടിയെ വിലയിരുത്താനും, നാളെയിലെ ക്രിയാത്മക ചർച്ചകൾക്ക് വഴിയൊരുക്കാനും ഇത്തരം ചിത്രങ്ങൾക്കും, ഇതിനുപിന്നിൽ പ്രവർത്തിച്ചവർക്കും മാർഗ നിർദേശ മേകാൻ കഴിയട്ടെയെന്ന് ആത്മാർഥമായി ആശംസിക്കുന്നു.

എഴുത്ത് - ഒരിക്കലും അനായാസമല്ല. കഥാകാരൻ അനുഭവിക്കുന്ന മാനസിക പിരിമുറുക്കവും, ആത്മ വേദനയും എത്രത്തോളം കൂടുന്നുവോ, അത്രയും തീവ്രമായ അനുഭവമായി കഥയും സംഭവിച്ചു പോവുകയാണ് ചെയ്യുന്നത്., രഞ്ജിത്തിന്റെ സിനിമകൾ ശ്രദ്ദിച്ചവർക്ക് മനസ്സിലാകും - ഒരുപാട് വീർപ്പുമുട്ടലുകൾ അനുഭവിച്ചാണ് അയാൾ, തന്റെ ഓരോ കലാസൃഷ്ടിയും പൂർത്തിയാക്കുന്നതെന്ന്..!! കലാകാരൻ തന്റെ കലാസൃഷ്ടികൾക്കായി ആത്മസമർപ്പണം നടത്തുമ്പോൾ; അത് ഏതൊരു കലയായാലും കാലാന്തരത്തോളം ഓർമ്മിക്കപ്പെടും...!!

എല്ലാറ്റിനുമുപരിയായി - ചരിത്രത്താളുകളിൽ ഇടം നേടാതെ പോയ കെ.ടി.എൻ.കോട്ടൂരിന്റെ ജീവിതത്തിനു നോവൽ പരിഭാഷ്യമേകുകയും, ചലച്ചിത്രമാക്കാൻ സമ്മതവുമേകിയ  ശ്രീ. ടി.പി.രാജീവൻ, വിസ്മൃതിയിലേക്ക് മറഞ്ഞുപോകുമായിരുന്ന ഒരു കാലഘട്ടത്തെ തന്നെ വെള്ളിവെളിച്ചത്തിലൂടെ പുനരാവിഷ്കരിച്ച്, പ്രേക്ഷകർക്ക്‌ മികച്ച ജീവിതാനുഭവമാക്കി സംവിധായകൻ രഞ്ജിത്ത്, 'ഞാൻ' സാക്ഷാത്കരിക്കാൻ പ്രയത്നിച്ച ഓരോ സുമനസ്സുകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു....

-അനീഷ്‌ കുഞ്ഞിമംഗലം

Sunday, November 25, 2012

I LOVE MY INDIA

I LOVE MY INDIA

I’m proud to be an Indian. I strongly believe that, each and every citizen of India also possess the same emotion in every walks of life. India is developing in all sector. India is a model to the world in many aspects. In no country; we can find the equal justice and democratic freedom that we all experience in India. So- in all basis; India ensures freedom to all people irrespective of the citizen or the foreigner.

Now-a-days, world faces many challenges. The main chellenge infront of the whole world is “Terrorism”. There maybe so many discussions are happening with regard to terrorism. I personally believe that; terrorist activities; in any means; which has no discrimination of religion,nationality or any other basis. No doubt, terrorism is a threat to the humanity. Our country has also frequently faced many terrorist attacks. As we’ve a strong defence force, often we overcome, after manydays massive operations. Although, our country losed many soldiers, we’ve achieved success over such all attacks. Also, our country gives due consideration and respect to all those who sacrificed their lives for the country. We treat their family with utmost admiration.

Unfortunately, 4 yrs back (26NOV2008), our country had faced the most dangerous terrorist attack in Mumbai. Almost 166 people had lost their lives. Later, we came to knew that; terrorist has came through a boat from Pakistan. All had major weapons with them. They fired at the railway stations, star hotels, hospital, & nariman house. Many innocent people had lost their lives including foreigners. It’s clear that, the operation was a planned one. We lost many officers in the incident. And at last; we caught one terrorist named ‘Ajmal Kasab’. Our country has given him all freedom that we gives to any other victim as well as all consideration as a human being. This is what differentiate India from Pakistan; as India treats even the enemy with due respect. But he had committed a crime and he should be punished. That’s the intention of almost Indian’s who shocked at the terrible incident. 

Finally, Today(21NOV2012), after so many legal formalities and discussions, the terrorist , Ajmal Kasab got hanged in the Yerwada Jail Pune. As it’s in India, it tooks 4 yrs for completing the execution. If thiscould happened in any other country, they would have given command many months before. I believe, it’s a tribute to those 166 people who lost their lives on 26/11. More over, it’s a homage to their family members and beloved ones.

I believe that the terrorism has no connection with any religion or vice-versa. If any people who belonged to any religion involved in it, I don’t agree that it’s because of that religion; he/she did it. No religion permits,teaches,and guides to terrorism. It’s the people who makes it with their perception and personal thinking stand behind it. All religion leads to love, compassion, mutual respect, co-operaion etc… Hence, our surrounding demands the red signal against terrorism.

Each & every individual should possess the patriotism in high standard and stand against any act up on our country. Also, defence should always be vigilant in all areas. Ajmal Kasab’s execution is an answer to the terrorist that we will never forgive such activities and we value our people’s life and we will safeguard our country at any cost. Also we will stand united for peace,prosperity,equality ,and integrity.

In the beginning I told, I’m proud to be an Indian in all respects and I believe you too…. “Unity our country’s strength” and I request you all to, try to keep unity through out your life. I salute& admire all those soldiers who sacrificed their lives for our country and all those soldiers who are making India.; safe to live from many challenges. I love my India…. And I firmly believe you too….!!

-aneesh kunhimangalam-

രഞ്ജിത്ത് ഒരവലോകനം (പാര്‍ട്ട്‌-2)

രഞ്ജിത്ത് ഒരവലോകനം (പാര്‍ട്ട്‌-2)

ലോഹിതദാസിന് ശേഷം; ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ജീവിത പശ്ചാത്തലങ്ങളുമായി; രഞ്ജിത്ത് "നന്ദനം" മുതല്‍ മാറ്റത്തിന്‍റെ പാതയിലാണ്. താന്‍ പിന്തുടര്‍ന്ന് പോന്ന ശൈലിയില്‍ നിന്നും; കാലം ആവശ്യപ്പെടുന്ന രീതികളിലേക്ക്, ജീവിതാനുഭവങ്ങളുമായി, നിരന്തരം മനുഷ്യ മനസ്സുകളോട് സംവദിക്കുന്ന കഥാ പശ്ചാത്തലവുമായി രഞ്ജിത്ത് യാത്ര തുടരുകയാണ്. സിനിമയ്ക്ക്‌ ആവശ്യമായ ഭാവനാ വര്‍ണ്ണനകള്‍ക്കിടയിലും; സാധാരണക്കാരന്‍റെ ജീവിതത്തിലെ സാമാന്യമായ ചിന്തകളെ ക്യാമറയ്ക്ക് പിന്നില്‍ നിന്ന് സ്ക്രീനിന്‍റെ വെള്ളി വെളിച്ചത്തിലേക്ക് പറിച്ചു നട്ടപ്പോള്‍; മാറുന്ന കാലത്തില്‍, കൈമോശം വന്നു കൊണ്ടിരിക്കുന്ന സാംസ്കാരിക തനിമ നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കാന്‍ കാലം പറഞ്ഞു വിട്ട ചലച്ചിത്രാവിഷ്ക്കാരി.

അമാനുഷിക കഥാപാത്രങ്ങള്‍ക്ക് രഞ്ജിത്തും ജീവന്‍ നല്‍കിയിട്ടുണ്ട് .എന്നാല്‍ മറ്റാര്ക്കെങ്ങിലും വേണ്ടി പേന ചലിപ്പിക്
കുബോഴുള്ള അസ്വാതന്ത്ര്യം നല്‍കുന്ന അസ്വസ്ഥത രഞ്ജിത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ മലയാള സിനിമയുടെ ശാപം,കഥാകാരന്‍ വെറും കൂലിയെഴുത്തുകാരനായി പരിണമിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് .അതിനിടയിലും ചിലര്‍ വേറിട്ടു നില്‍ക്കുന്നത് ആശ്വാസവും,ആനന്ദവും നല്‍കുന്നുണ്ട്. തനിക്കു പറയാനുള്ള കാര്യങ്ങള്‍ താന്‍ തന്നെ പറയുമ്പോഴുള്ള പൂര്‍ണതയ്ക്കു വേണ്ടി; രഞ്ജിത്ത് സംവിധാന കുപ്പായം അണിന്ഹപ്പോള്‍, മലയാള സിനിമയ്ക്ക്‌ അത് പുതിയൊരു തിരിച്ചറിവാണ് നല്‍കിയത് . യാഥാര്‍ത്യ ബോധമില്ലാത്ത ബിംബങ്ങള്‍ക്കിടയിലും, ജീവിതത്തിന്റെ പച്ചയായ ആവിഷ്ക്കാരം; ജീവിതത്തെ കുറിച്ച് പുനര്വിചിന്തനതിനുള്ള പ്രേരണയായി പലര്‍ക്കും....

ഒന്നും ചെയ്യാതെ, വാതോരാതെ സംസാരിക്കുന്നവര്‍ക്കിടയില്‍, തന്‍റെ വാക്മയമായ മൗനം കൊണ്ടും,ആരെയും സ്വാധീനിക്കാന്‍ കഴിവുള്ള ശക്തമായ ശരീര ഭാഷ കൊണ്ടും ; രഞ്ജിത്ത് നിലകൊള്ളുന്നത് കാണുമ്പോഴുള്ള സന്തോഷം ;ഒരുപക്ഷെ, പറഞറിയിക്കാനാവതാണ്... എന്തും വെട്ടി തുറന്നു പറയാനുള്ള തന്‍റെടം...താന്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളെ കുറിച്ചും,തന്‍റെ ചുറ്റുപാടുകളെ കുറിച്ചുമുള്ള പരന്ന അവബോധം ... സഹപ്രവര്‍ത്തകരോടുള്ള കൂറും,സഹകരണവും, പ്രേക്ഷകന്റെ നല്ല അഭിപ്രായങ്ങളെയും, വിമര്‍ശനങ്ങളെയും ഉള്‍ക്കൊള്ളുന്ന പച്ചയായ മനുഷ്യന്‍ .... രഞ്ജിത്തിനെ അടുത്തരിയുന്നവര്‍ക്കറിയാം, ഇതിനെല്ലാം ഉപരിയാണ് അയാള്‍ .....

മസാലകള്‍ ചേര്‍ത്ത് സിനെകളുണ്ടാക്കി പടം പൊട്ടുമ്പോള്‍ കഥയില്ലായ്മയെ കുറ്റം പറയുന്നവരോട്; " താമസിക്കുന്ന ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴോട്ട് നോക്കിയാല്‍ ഒട്ടേറെ ജീവിതങ്ങള്‍ കണ്മുന്നില്‍ കാണാന്‍ പറ്റുമെന്ന് പറയാന്‍ ധൈര്യം കാട്ടിയ വിവേകശാലിയാണ്"-രഞ്ജിത്ത്. തന്‍റെ ക്ഷോഭവും, മൗനവും,തന്‍റെ സൗന്ദര്യമാക്കിയ കോഴിക്കോടുകാരന്‍...

രഞ്ജിത്ത്, താങ്കളെ ഞങ്ങള്‍ ഏറെ സ്നേഹിക്കുന്നു...(ക്ഷമിക്കണം,ന്ഹനെന്നു പറയാത്തത്, ഒട്ടേറെപ്പേര്‍... രഞ്ജിത്തിന്റെ വ്യത്യസ്തമായ ശൈലികളെ ഇഷ്ടപ്പെടുന്നവരുണ്ടെന്നു മനസ്സിലാക്കിയതുകൊണ്ടാണ്.) അതെ-ന്ഹങ്ങള്‍... രഞ്ജിത്തിന്റെ സിനിമകളെ ഇഷ്ടപ്പെടുന്നു ...അതിലെ കഥാപാത്രങ്ങളെ കുറിച്ച്, ചെറിയ സീനുകളെ കുറിച്ചുപോലും ചര്‍ച്ച ചെയ്യുന്നു .അപ്പോഴും-ന്ഹങ്ങള്‍; താങ്കളുടെ സിനിമകള്‍ മോശമാണെങ്കില്‍ വിമര്‍ശിക്കുക തന്നെ ചെയ്യും. ഇത് ഭ്രാന്തമായ താരാരാധന പോലെയല്ല..ചിന്തയും...വിവേകവുമുള്ള .... തിരിച്ചറിവും, പ്രതികരന മനോഭാവവുമുള്ള.... ജീവിതത്തിന്‍റെ പച്ചയായ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്ന ഒരുകൂട്ടം കലാസ്നേഹികളുടെ മനസ്സില്‍ നിന്ന് പറയാന്‍ കൊതിക്കുന്ന മൗനമായ വാചാലതയാണ്....!!

-അനീഷ്‌ കുഞ്ഞിമംഗലം-
(aneesh kunhimangalam)

വർഷം പെയ്തിറങ്ങി....

വർഷം പെയ്തിറങ്ങി.... രഞ്ജിത് ശങ്കർ കഥയെഴുതി സംവിധാനം ചെയ്ത 'വർഷം' എന്ന സിനിമ കണ്ടു. അതിഭാവുകത്വത്തിന്റെ ധാരളിത്തമോ, കെട്ടിച്ചമച്ച...