'ഞാൻ' - 'കെ.ടി.എൻ. കോട്ടൂരിന്റെ ജീവിതം'.
ശ്രീ. ടി.പി.രാജീവന്റെ നോവൽ - 'കെ.ടി.എൻ.കോട്ടൂർ - എഴുത്തും,ജീവിതവും', അടിസ്ഥാനമാക്കി; രഞ്ജിത്ത് തിരക്കഥയെഴുതി,സംവിധാനം ചെയ്ത 'ഞാൻ' എന്ന സിനിമ ശ്രീ. കെ.ടി.എൻ.കോട്ടൂരിനുള്ള ആദരവുകൂടിയാണ്...
മണ്‍മറഞ്ഞുപോയ കാലചക്രങ്ങൾക്കപ്പുറത്ത്, ഇന്നിന്റെ തിരക്കുപിടിച്ച ജീവിത നെട്ടോട്ടങ്ങൾക്കിടയിൽ, ചരിത്രബോധം
നഷ്ടപ്പെടുത്താതെ, പച്ചയായ ജീവിതത്തെ കലാസൃഷ്ടിയായി രൂപാന്തരപ്പെടുത്താൻ പ്രാപ്തിയുള്ള ഒരു കൂട്ടായ്മയുടെ ചങ്കൂറ്റത്തിന്റെ ദൃശ്യാവിഷ്ക്കാരമാണ് - "ഞാൻ".
ഒരുപക്ഷെ - താൻ കൈകാര്യം ചെയ്യുന്ന വിഷയത്തെ ക്കുറിച്ചുള്ള ആഴത്തിലുള്ള പഠനവും, ഉൾക്കാഴ്ചയും രഞ്ജിത്തിനെ; തന്റെ ശരി-തെറ്റുകൾക്കിടയിലൂടെ, കാലോചിതമായ ഇടപെടലുകൾ നടത്തിക്കൊണ്ട്, നിയന്ത്രണങ്ങളുടെ വേലിക്കെട്ടുകളില്ലാതെ തന്റെ കലാസപര്യയിൽ മുഴുകാൻ അനുവദിക്കുന്നുണ്ട്. കച്ചവട സിനിമയുടെ ചേരുവകളോ, സംഗീതത്തിന്റെ കോലാഹലങ്ങലോ ഇല്ലാതെ തന്നെ; ഒരു മനുഷ്യന്റെ; ആരും ശ്രദ്ധിക്കതെപോയ സാധാരണ ജീവിത ചുറ്റുപാടുകളെ നമുക്ക് മുന്നിൽ തുറന്നിടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ - പ്രേക്ഷകർക്ക് തങ്ങളുടെ ചുറ്റുപാടുകളിൽ മുന്പെന്നോ നടന്ന സംഭവങ്ങളുടെ മങ്ങിയ ഓർമ്മെപെടുതല്കളായി 'ഞാൻ' മാറ്റപ്പെടുകയാണ് ചെയ്യുന്നത്.
കെ.ടി.എൻ. കോട്ടൂരിന്റെ ദുരൂഹതകൾ നിറഞ്ഞ ജീവിത വഴിയമ്പലങ്ങളിലൂടെയുള്ള യാത്രയും, കോട്ടൂരിന്റെ ഗ്രാമീണ ഭംഗിയും, യഥാർത്ഥമായ അനുഭവമാക്കി മാറ്റുവാൻ സംവിധായകന് സാധിക്കുന്നുണ്ട്. പഴയകാലത്തെ, സവർണരുടെ
പ്രമാണിത്തവും, സമൂഹത്തിലെ അസമത്വവും, എന്തിനേറെ കുടുംബത്തിനുള്ളിലെ അസ്വാതന്ത്ര്യവും തുറന്നുകാട്ടുന്നുണ്ട്.
നാലുചുവരുകൾക്കുള്ളിൽ തളച്ചിടപ്പെടുന്ന പെണ്‍ജീവിതങ്ങളുടെ തടവറ ജീവിതവും സിനിമയിലുടനീളം പറയാതെ പറയുന്നുണ്ട്. നാട്ടിടവഴികളിലൂടെ സഞ്ചരിച്ച്, കോട്ടൂരിന്റെ ചരിത്രത്തിലേക്കുള്ള നടന്നുകയറ്റമായി പരിണമിക്കുകയാണ് 'ഞാൻ'. കഥാപാത്ര തെരഞ്ഞെടുപ്പിൽ വെച്ചുപുലർത്തിയ തന്റേടവും, സൂക്ഷ്മതയും സിനിമയ്ക്ക് കൂടുതൽ പൂർണതയേകി.
ചെറുതാണെങ്കിൽപ്പോലും; സ്വന്തം വേഷപ്പകർച്ച മികവുറ്റതാക്കാൻ അഭിനേതാക്കൾ പരമാവധി ശ്രമിച്ചു. ബിജിബലിന്റെ പശ്ചാത്തല സംഗീതവും, അനുയോജ്യമായ സ്ഥാനത്തുള്ള കവിതശകലങ്ങളും കഥയൊഴുക്കിന് കൂടുതൽ ഉർജ്ജമേകി.
കോട്ടൂരിന്റെ ജീവിത സഞ്ചാരത്തിലെ ലക്ഷ്യങ്ങളും, അസ്വാരസ്യങ്ങളും ലളിതമായ രീതിയിൽ വെളിപെടുതുനുണ്ട്. കഥയ്ക്കും, കഥ പറച്ചിലിനുമുള്ള പരിമിതികൾ, രഞ്ജിത്ത് ആകുമ്പോൾ; പതിന്മടങ്ങ് പൂർണതയോടുകൂടി ദൃശ്യവത്ക്കരികപെടുകയാണ് ചെയ്യുന്നത്. കാലാകാലങ്ങളായി ഈ കലാകാരൻ അനുവർത്തിച്ചു വരുന്ന നിലപാടുകൾ വ്യക്തമാണ് - കാര്യങ്ങൾ വെട്ടിത്തുറന്നു പറയാനുള്ള ധൈര്യവും, തന്റെ കാഴ്ചപ്പാടിലുള്ള ഉറച്ച വിശ്വാസവും, താൻ ചലിപ്പിക്കുന്ന തൂലികയിലെ മഷി മാഞ്ഞുപോകാതെ; ഈ മനുഷ്യൻ ഇന്നും എഴുത്തിലൂടെയും, വായനയിലൂടെയും, കാലത്തിനൊപ്പം സഞ്ചരിക്കുന്ന കാഴ്ചപ്പാടിലൂടെയും, സ്വയം നവീകരിച്ചു കൊണ്ടേയിരിക്കുന്നു.
'ഞാൻ' - ചരിത്രം വിസ്മരിച്ച കെ.ടി.എൻ.കോട്ടൂരിന്റെ പച്ചയായ ജീവിതം അനാവരണം ചെയ്യുമ്പോൾ;
കാലഘട്ടങ്ങൾക്കിടയിലൂടെ കഥയുടെ തുടർച്ചയെ അലോസരപ്പെടുത്താതെ; മലക്കം മറിയാനുള്ള കഥാകാരന്റെ കഴിവ് അംഗീകരിച്ചേ മതിയാകൂ....!! യോജിച്ച അഭിനേതാക്കളെ തന്നെ കാലാന്തരത്തിലെ വേഷപ്പകർച്ചയണിയാനും കണ്ടെത്തി യിരിക്കുന്നു... എന്തായാലും - 'ഞാൻ' - കെ.ടി.എൻ.കോട്ടൂരിൽ മാത്രം കേന്ദ്രീകൃതം എന്നതിലപ്പുറം; കോട്ടൂർ ജീവിച്ച ചുറ്റുപാടുകളെ ഏറെക്കുറെ മുഴുവനായും പകർന്നെടുക്കാൻ, പരിമിതികൾ ഏറെയുണ്ടായിട്ടും; ആഴത്തിലുള്ള പഠനവും, പൂർണതയ്ക്കു വേണ്ടിയുള്ള അന്വേഷണങ്ങളും സഹായിച്ചു എന്നത് സമ്മതിക്കാതെ വയ്യ...!! അതുകൊണ്ട് തന്നെയാണ് - സിനിമ കണ്ടിറങ്ങുമ്പോൾ പ്രേക്ഷർക്കൊപ്പം, കെ.ടി.എൻ.കോട്ടൂരും, അദ്ദേഹത്തിന്റെ ജീവിത ചുറ്റുപാടുകളും മനസ്സില് നിന്നും അൽപ്പനേരത്തേക്ക് എങ്കിലും മായാതെ ബാക്കിയാവുന്നത്. ഇത് തന്നെയാണ് - ജീവിത സഞ്ചാരത്തിനിടയിൽ, ആരവങ്ങളില്ലാതെ, സ്വതസിദ്ധമായ ജീവിത കാഴ്ചകൾ അനുഭവിച്ചിറങ്ങുമ്പോൾ പലരെയും സ്വാധീനിക്കുന്നതും...!! ഇന്ന് - പല കലാസൃഷ്ടികൾക്കും സാധിക്കാത്തതും അത് തന്നെയാണ്.
ആരുമറിയാതെ പോകുന്ന ജീവിതങ്ങളും, ആരും കാണാതെ പോകുന്ന കാഴ്ചകളും കലാകാരന് കണ്ടെത്താനാകുമ്പോൾ; അനാവശ്യമായ ബഹളങ്ങൾ സൃഷ്ടിച്ച് കീശയിൽ നിറയുന്ന നോട്ടുകെട്ടുകൾ മാത്രം ലക്ഷ്യം വെച്ച് സിനിമ പിടിക്കാനിറങ്ങുന്ന വർക്കിടയിൽ; ശക്തമായ തിരക്കഥയിൽ പച്ചയായ ജീവിതത്തിന്റെ നെരിപ്പോടുകളുമായി, നമുക്കിടയിലെ കഥാ സന്ദർഭങ്ങളുമായി രഞ്ജിത്ത് വരുമ്പോൾ, അതൊരു മുതൽക്കൂട്ടാവുകയാണ്. കലാസൃഷ്ടിയെ വിലയിരുത്താനും, നാളെയിലെ ക്രിയാത്മക ചർച്ചകൾക്ക് വഴിയൊരുക്കാനും ഇത്തരം ചിത്രങ്ങൾക്കും, ഇതിനുപിന്നിൽ പ്രവർത്തിച്ചവർക്കും മാർഗ നിർദേശ മേകാൻ കഴിയട്ടെയെന്ന് ആത്മാർഥമായി ആശംസിക്കുന്നു.
എഴുത്ത് - ഒരിക്കലും അനായാസമല്ല. കഥാകാരൻ അനുഭവിക്കുന്ന മാനസിക പിരിമുറുക്കവും, ആത്മ വേദനയും എത്രത്തോളം കൂടുന്നുവോ, അത്രയും തീവ്രമായ അനുഭവമായി കഥയും സംഭവിച്ചു പോവുകയാണ് ചെയ്യുന്നത്., രഞ്ജിത്തിന്റെ സിനിമകൾ ശ്രദ്ദിച്ചവർക്ക് മനസ്സിലാകും - ഒരുപാട് വീർപ്പുമുട്ടലുകൾ അനുഭവിച്ചാണ് അയാൾ, തന്റെ ഓരോ കലാസൃഷ്ടിയും പൂർത്തിയാക്കുന്നതെന്ന്..!! കലാകാരൻ തന്റെ കലാസൃഷ്ടികൾക്കായി ആത്മസമർപ്പണം നടത്തുമ്പോൾ; അത് ഏതൊരു കലയായാലും കാലാന്തരത്തോളം ഓർമ്മിക്കപ്പെടും...!!
എല്ലാറ്റിനുമുപരിയായി - ചരിത്രത്താളുകളിൽ ഇടം നേടാതെ പോയ കെ.ടി.എൻ.കോട്ടൂരിന്റെ ജീവിതത്തിനു നോവൽ പരിഭാഷ്യമേകുകയും, ചലച്ചിത്രമാക്കാൻ സമ്മതവുമേകിയ ശ്രീ. ടി.പി.രാജീവൻ, വിസ്മൃതിയിലേക്ക് മറഞ്ഞുപോകുമായിരുന്ന ഒരു കാലഘട്ടത്തെ തന്നെ വെള്ളിവെളിച്ചത്തിലൂടെ പുനരാവിഷ്കരിച്ച്, പ്രേക്ഷകർക്ക് മികച്ച ജീവിതാനുഭവമാക്കി സംവിധായകൻ രഞ്ജിത്ത്, 'ഞാൻ' സാക്ഷാത്കരിക്കാൻ പ്രയത്നിച്ച ഓരോ സുമനസ്സുകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു....
-അനീഷ് കുഞ്ഞിമംഗലം-